Wednesday, October 31, 2007

യൂണിയന്‍ മെമ്പറുടെ പന്തല്‍ പണി

ഓഫ്ഃയൂണിയന്‍ മെമ്പര്‍ ഇക്കാസിന്റെ കല്ല്യാണത്തിന് പന്തല്‍ പണി തുടങ്ങി... യൂണിയന്‍ അംഗങ്ങള്‍ അടിയുണ്ടാക്കാതെ സഹായിക്കുക... സഹകരിക്കുക. പന്തല്‍ പണിക്ക് ശേഷം ബിരിയാണി സദ്യയും ബാച്ചി ക്ലബ്ബിന്റെ സെന്റോഫും എക്സ് ബാച്ചീ ക്ലബ്ബിന്റെ സ്വീകരണവും ഒരുക്കിയുണ്ടത്രെ.

Tuesday, October 16, 2007

ബ്രാഹ്മണശങ്ക

(ഒമ്പതുകൊല്ലം മുന്‍പ് കേരളാ.കോം ഗസ്റ്റ്ബുക്കില്‍ നമ്പൂരി എന്ന തൂലികാനാമത്തില്‍ എഴുതിയിയിട്ടിരുന്ന ഒരു വികടകഥ. ഇപ്പോള്‍ തക്ക സമയമായി എന്നു തോന്നുന്നതുകൊണ്ട് ഈ ചവര്‍ ഇവിടെ പോസ്റ്റുന്നു. പെരിങ്ങോടന്‍, സിമി, വിഷ്ണുപ്രസാദ്, വേണു, ആനന്ദ്, ഉണ്ണിക്കുട്ടന്‍, അനില്‍ശ്രീ, കണ്ണൂസ്, സാന്‍ഡോസ്, ഇത്തിരിവെട്ടം, മിടുക്കന്‍, ദില്‍ബാസുരന്‍, പൊന്നമ്പലം, അപരാജിതന്‍, ഇഞ്ചിപ്പെണ്ണ്, കുതിരവട്ടന്‍, ഇനിയും വേണ്ടാത്ത വഴിയിലൂടെ പോയി അപ്പി ചവിട്ടാനിരിക്കുന്ന ബാക്കിയുള്ളോര്‍ക്കൊക്കെയും കൂടി മൊത്തമായി ഈ പോസ്റ്റ് ഡെഡിക്കേറ്റ് ചെയ്യുന്നു.)

ച്ചാല്‍, നോം ങ്ങനെ കുളിച്ച്‌ ശുദ്ധായി വഴീക്കുടെ പൂവ്വായിര്‍ന്നു. ശൂദ്രന്മാരൊക്കെ തൊട്ടശുദ്ധാക്ക്യാലോ എന്നും നിരീച്ച്‌ വഴീന്ന്‌ ത്തിരി മാറി ഓരത്തൂട്യായി ഗമനം.

അപ്പൊണ്‍ണ്ടടോ ഒരു മണം!

"ച്ഛേയ്‌, ന്താദ്‌? ഒരു പരിചയള്ള മണം?" ന്നായി.
അമര്‍ത്തിയങ്ക്ട്‌ ഓര്‍ത്തുനൊക്ക്യോപ്പൊ പിടി കിട്ടി. "അമേദ്ധ്യം!"

"അയ്യയ്യേ"

പക്ഷേ ഒരു സന്ദേഹം, അങ്ങനെ വര്വ്വോ? പബ്ലിക്‌ വഴീലൊക്കെ ഇതു പാടില്ല്യ പാടില്ല്യാന്ന്‌ ഇവറ്റകള്‍ക്കൊക്കെ അറിയണതല്ലേ?
ഒന്നുകൂടി മണം പിടിച്ചുനോക്കാം" ആഞ്ഞൊന്നു ശ്വാസം പിടിച്ചു.

"സംശല്ല്യ. അതന്നെ. അയ്യേ, ഇതിന്റടുതൂട്യൊക്കെ നടന്നൂലോ" -ന്നായി. ഞി കുളിക്ക്യാണ്ടെ തരല്ല്യ. തിരിച്ചുനടന്നു.

അപ്പളാണ്‌ ബുദ്ധിയുദിച്ചത്‌. ഇനി അഥവാ സാധനം അമേദ്ധ്യമല്ലെങ്കിലോ? വെറ്‌തേ കുളിക്ക്യേ?
ആമ്പമ്പട, എന്നോടാണോ കളി?

തിരിച്ചു നടന്നു. ( ശ്വാസം ഊര്‍ദ്ധ്വായനന്‍)

സംഭവസ്ഥലത്തെത്ത്യോപ്പൊ ഗന്ധം വീണ്ടും. ഹായ്‌ അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ.
ഒന്നുംകുട്യങ്ക്ട് തെരഞ്ഞു പിടിച്ചപ്പോ ദാ കെടക്കുണൂ ദ്രവ്യം. ഒറ്റ നോട്ടത്തില്‍ തനി മറ്റതെന്നെ.


"ശരി കുളിക്ക്യെന്നെ വേണല്ലോ ഗുരുവായൂരപ്പാ" - ന്നായി. തിരിഞ്ഞു. അപ്പോളാണ്‌ തോന്നിയത്‌.
വെര്‍തേ അങ്ങനെ തോന്നുമ്പഴൊക്കെ പോയ്യ്യങ്ക്ട്‌ കുളിക്ക്യാച്ചാ, അതിനൊക്കേള്ള വക ഇല്ലത്തുണ്ടോ?
താളിക്കും ഇഞ്ചക്ക്യും ഒക്കെ പ്പോ ന്താ വെല?
ന്നാ ദ്‌ രണ്ടിലൊന്നൊറപ്പിച്ചിട്ടു തന്നെ കാര്യം - ന്‍ഞ്ചു.

ലേശം ചുണ്ണാമ്പു പോലെ സ്വല്‍പ്പം ചൂണ്ടുവിരലോണ്ടൊന്ന്‌ തോണ്ടിയെടുത്തു. മൂക്കിനോടടുപ്പിച്ചു ഘ്രാണന്‍ പ്രയോഗിച്ചു.


"മറ്റതന്ന്യാ. ഒരു സംശയോല്ല്യ."
"ന്നാലും വേണ്ടില്ല്യ. ഇത്ത്രടായ സ്ഥിതിക്ക്‌ പരിപൂര്‍ണ്ണമായി നിശ്ചയമാക്കീട്ട്‌ തന്നെ കാര്യം.
ഒന്ന്‌ പതുക്കെ സ്വല്‍പം ഇത്തിരി ലേശം മരുന്നിന്‌ അസാരം കുറച്ച്‌ നാവില്‍ തൊട്ടുനോക്കി.

"അയ്യേ, അതേ രുചി. ഇദതു തന്നെ. സാക്ഷാല്‍ അത്! ശിവ, ശിവ, ഗുരുവായൂരപ്പാ, ദ്രോഹികള്‌! പൊതുവഴീലല്ലേ ഈ കാട്ടിക്കൂട്ടീരിക്കണത്‌!
എന്തായാലും കുളിക്ക്യൊന്നും വേണ്ട, വൃത്തികേടില്‍ ചവിട്ടീല്ല്യല്ലോ"-ന്നും കരുതി നോം നൊംടെ വഴിക്കങ്ക്ട്‌ പോയി.

ത്രന്ന്യെ.