സ്വര്‍ഗകുമാരികള്‍ (സ്ക്രാപ്പ്)
ആദ്യം തന്നെ തലക്കെട്ട് അടിച്ചു മാറ്റിയതിന് വിശാലനോട് ഒരു ക്ഷമാപണം.
ഇന്നലെ എനിക്ക് ഒരു "ബൂലോഗ സ്വപ്ന രാത്രി" ആയിരുന്നു. സു, കുമാര്‍, ഇക്കാസ്, തുളസി, ജിത്ത്, ഉമേഷ്, ഇഞ്ചിപ്പെണ്ണ്‍, ജോ, പച്ചാളം, ബിന്ദു, ഒബി തുടങ്ങി ഞാന്‍ കാണുക പോലും ചെയ്തിട്ടില്ലാത്തവര്‍ ഉള്‍പ്പടെ കുറേയേറെപ്പേര്‍ എന്റെ സ്വപങ്ങളില്‍ക്കൂടി കയറിയിറങ്ങിപ്പോയി. രാവിലെ എണീറ്റപ്പോ, മനസ്സില്‍ നില്‍ക്കുന്ന രണ്ട് തുണ്ടുകള്‍ മാത്രം ഇവിടെ.
സ്വപ്നം-1
ഭാര്യയോട് വഴക്കിട്ട് മോളേയും കൂട്ടി, വീട് വിട്ടിറങ്ങിയതാണ് ഞാന്‍. താമസിക്കുന്നത് ഒരു ഹോട്ടലില്‍. അവിടത്തെ മാനേജര്‍ വിശാലന്‍. കുമാറിന്റെ നേതൃത്വത്തില്‍ ഈ ഹോട്ടലില്‍ ഇടക്കിടെ ബൂലോഗമീറ്റുകള്‍ നടക്കാറുണ്ട് എന്നതാണ് ഈ ഹോട്ടല്‍ ഞാന്‍ തെരഞ്ഞെടുക്കാനുള്ള ആകര്‍ഷണം.
അങ്ങിനെ ഒന്ന് രണ്ട് മീറ്റുകള്‍ കഴിഞ്ഞ്, അടിച്ചു പൊളിച്ച് സുഖമായി ഞങ്ങള്‍ കഴിയുമ്പോഴാണ്, ഒരു ദിവസം രാവിലെ മുറിയുടെ വാതില്‍ക്കല്‍ ഒരു മുട്ട് കേള്‍ക്കുന്നത്. തുറന്ന് നോക്കുമ്പോള്‍, വിശാലന്‍ നില്‍ക്കുന്നു. വേഷം, പാളത്താറും, ഗോപിക്കുറിയും.
രാവിലെ തന്നെ വിശാലനെക്കണ്ടത്തില്‍ സന്തോഷം സഹിക്കാഞ്ഞ് ഒരു 70 mm ചിരി ചിരിക്കാനുള്ള തയ്യാറെടുപ്പില്‍ നിന്ന എന്നോട് വിശാലം ഗൌരവത്തില്‍.
"കണ്ണൂസേ, നീ ഇപ്പോ ഈ മുറിയില്‍ നിന്നിറങ്ങണം."
ഞാന്‍ ഞെട്ടി. " അതെന്തിന് വിശാലാ?"
"എനിക്ക് വിഷമമുണ്ട്. പക്ഷേ എനിക്ക് ഉന്നതങ്ങളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ട്. നീ ഇറങ്ങിയേ പറ്റൂ."
ഞാന്‍ - " അതെങ്ങിനെ ശരിയാവും. ഇപ്പോ ഇങ്ങനെ പറഞ്ഞാല്‍ ഞാന്‍ ഈ കുട്ടിയേയും കൊണ്ട് എവിടെപ്പോവും? അതൊന്നും നടക്കില്ല."
വിശാലന്‍ - " നീ ഇറങ്ങുന്നോ ഞാന്‍ കഴുത്തില്‍ പിടിച്ച് തള്ളിയിടണോ?"
എന്റെ ഉള്ളില്‍ ഉറങ്ങിക്കിടന്ന സിംഹം സട കുടഞ്ഞെഴുന്നേറ്റ് ഗര്‍ജ്ജിച്ചു.
" പറ്റില്ല!! അല്ലെങ്കിലേ, നിങ്ങളുടെ സര്‍വീസ് ശരിയല്ല. ഇന്നലെ തന്ന ഇഞ്ചി ആകെ നനഞ്ഞതായിരുന്നു. ബീറ്റ്‌റൂട്ട് ഫംഗസ് പിടിച്ചത്. ഇപ്പോത്തന്നെ ഞാന്‍ ആ ഇടങ്ങളുടെ കയ്യില്‍ മോള്‍ക്ക് മൊളകൂഷ്യം വെച്ചു കൊടുക്കാന്‍ ഒരു കിലോ പരിപ്പ് ലുലുവില്‍ നിന്ന് വാങ്ങിക്കാന്‍ കൊടുത്തയച്ചിട്ട് രണ്ട് മണിക്കൂറായി. ശരിയാവില്ല, ശരിയാവില്ല!!!"
ബഹളം കേട്ട് ആള്‍ക്കാര്‍ വന്നു തുടങ്ങി. കുമാറിനേയും ഒബിയേയും ഓര്‍മ്മയുണ്ട്. എല്ലാവരും ഒറ്റക്കെട്ടായി ഞാന്‍ ഇറങ്ങണം എന്ന പക്ഷക്കാര്‍. ഇറങ്ങില്ല എന്ന വാശിയില്‍ ഞാനും.
പിന്നെ ഓര്‍മ്മ " നിന്റെ അച്ഛനല്ലെങ്കില്‍ തിരിച്ചടിക്കെടാ" എന്ന് പറഞ്ഞ അഞ്ഞൂറാന്റെ മുഖത്ത് നോക്കി നിന്ന സ്വാമിനാഥന്റെ പോസില്‍ നില്‍ക്കുന്ന വിശാലനെ. ഒരു മിനിറ്റ് കഴിഞ്ഞപ്പോ, എന്റെ ചെകിടത്ത് അടി വീണു.
കിട്ടേണ്ടത് കിട്ടിയപ്പോ തോന്നേണ്ടത് തോന്നി എന്ന് പറഞ്ഞ പോലെ പെട്ടിയും കിടക്കയും എടുത്ത് ഇറങ്ങിയ എന്നെ " അങ്കിള്‍, ബാഡ് ബോയ്, വീട്ട്‌പ്പോവാം." എന്ന് പറഞ്ഞ് മോള്‍ സമാധാനിപ്പിക്കുന്നത് സ്വപ്നത്തിന്റെ ദുഃഖം നിറഞ്ഞ പര്യവസാനം.
സ്വപ്നം-2
അതുല്ല്യേച്ചിയുടെ വീടിനു മുന്‍പിലുള്ള റൌണ്ട് അബൌട്ടില്‍ ബന്ദ് നടത്താന്‍ പാര്‍ട്ടി എന്നെ നിയോഗിക്കുന്നു. എന്റെ സഹായികള്‍ ശ്രീജിത്തും പച്ചാളവും. ( ഈ പശ്ചാത്താളത്തെ എല്ലാരും കൂടി ഗുണ്ട, ഗുണ്ട എന്ന് പറഞ്ഞതു കൊണ്ടാണോ ആവോ പുള്ളിക്ക് ഈ റോള്‍ കിട്ടിയത്!)
ബന്ദിനുള്ള ഒരുക്കങ്ങളുമായി ഞങ്ങള്‍ സ്ഥലത്തെത്തി. സംഭവം തുടങ്ങിയപ്പോള്‍ അതുല്ല്യേച്ചി ഓടിവന്ന് പ്രതിഷേധിച്ചു. കൂടെയുള്ളത് ഇക്കാസും, ഉമേഷും.ബന്ദ് നടത്തും എന്ന് ഞങ്ങള്‍, ധൈര്യമുണ്ടെങ്കില്‍ നടത്തിനെടാ എന്ന് ബൂര്‍ഷ്വാ സംഘം.
രക്തചൊരിച്ചിലും അടികലശലും ഒന്നും കൂടാതെ ഞങ്ങള്‍ ജയിച്ചു എന്നും ബന്ദ് തുടങ്ങി എന്നുമേ പിന്നെ സ്വപ്നം പറയുന്നുള്ളൂ. " ഇന്ത മാതിരി അന്യായം സെയ്യകൂടാതെടാ പശങ്കളേ. ഉങ്കളുക്ക് ബ്രാഹ്‌മണ ശാപം കെടക്കും" എന്ന് ഇടക്ക് അതുല്ല്യേച്ചി പറഞ്ഞത് ഓര്‍മ്മയുണ്ട്.അങ്ങിനെ വിജയാശ്രീലാളിതരായി ബന്ദ് തുടങ്ങിയ ഞങ്ങള്‍ പിന്നെ കേട്ടത്. "ശര്‍മ്മാജീ, തുപ്പാക്കി എടുത്തിട്ട് വാങ്കോ" എന്ന അതുല്ല്യേച്ചിയുടെ അലര്‍ച്ചയാണ്.
ഞങ്ങളെ പറഞ്ഞേല്‍പ്പിച്ച പാര്‍ട്ടി നേതാവുമായി ഉടനെ ഞാന്‍ ബന്ധപ്പെട്ടു. (അയാള്‍ ബൂലോഗിയല്ലാത്ത എന്റെ ഒരു സുഹൃത്തായൈരുന്നു, സ്വപ്നത്തില്‍). ശര്‍മ്മാജി ആള്‍ ഭയങ്കരനാണെന്നും പിന്തിരിയുന്നതാവും നല്ലതെന്നും അവന്‍ എന്നെ ഉപദേശിച്ചു. ഉറച്ചു നിന്ന് പോരാടണമെന്നായിരുന്നു പച്ചാളത്തിന്റെ അഭിപ്രായമെങ്കിലും അച്ചടക്കമുള്ള പ്രവര്‍ത്തകര്‍ എന്ന നിലയില്‍ പാര്‍ട്ടി തീരുമാനം അനുസരിക്കണം എന്ന് ഞാനും ശ്രീജിത്തും കൂടി അവനെ പറഞ്ഞു മനസ്സിലാക്കി.
പിന്തിരിഞ്ഞു നടക്കുമ്പോള്‍ എന്റെ തലയില്‍ ഒരു കല്ല് വന്ന് കൊണ്ടപ്പോഴാണ് ഞാന്‍ എണീറ്റത്. അതെറിഞ്ഞത് ആരായിരുന്നുവെന്ന് എനിക്കിപ്പോ അറിയണം!!!!
പി.എസ്. : ഈ സ്വപ്നത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, ഇതൊരു ബഹുഭാഷാ സ്വപ്‌നം ആയിരുന്നുവെന്നതാണ്. ശ്രീജിത്ത് ഇംഗ്ലീഷിലും, അതുല്ല്യേച്ചി തമിഴിലും ഉമേഷ് സംസ്കൃതത്തിലും ആണ് സംസാരിച്ചിരുന്നത്. ശര്‍മ്മാജിക്ക് ഡയലോഗ് ഇല്ലായിരുന്നു. ഉണ്ടെങ്കില്‍, ഹിന്ദിയും കേള്‍ക്കാമായിരുന്നു. :-)
18 Comments:
നിര്‍ജ്ജീവമായിക്കിടക്കുന്ന ചില ബ്ലോഗുകളില്‍ ഓളമുണ്ടാക്കുക എന്ന നിരുപദ്രവമായ ശ്രമത്തിന്റെ ഭാഗം കൂടിയാണ് ഈ പോസ്റ്റ്.
സ്വപ്ന പാത്രങ്ങളെല്ലാം വിവരണത്തെ തമാശ മാത്രമായി കണ്ട് സദയം ക്ഷമിക്കാന്‍ അപേക്ഷ. :-)
ആ കല്ലെറിഞ്ഞത് ദില്‍ബനാവും... ഇന്നലെ മുഴുവന്‍ ആ ശ്രീജിത്തിനിട്ട് പണിയുവായിരുന്നു....
എന്നാലും വിശാലന്റെ വേഷവും അത്യുല്യചേച്ചിയുടെ അലര്‍ച്ചയും അസ്സലായി...
ഈ ഓഫിലേക്ക് ആദ്യത്തെ ഓഫ്...
പിന്തിരിഞ്ഞു നടക്കുമ്പോള്‍ തലയില്‍ കൊണ്ടത് കല്ലല്ല... കണ്ണൂസേ, ബ്ലോഗില്‍ സുലഭമായി ലഭിക്കുന്ന തേങ്ങയായിരുന്നു...
അങ്ങിനെയെങ്കില്‍, റോളയില്‍ താമസിക്കുന്ന അഗ്രജന്‍ തന്നെയായിരിക്കും അത് ചെയ്തിട്ടുണ്ടാവുക :)
ഹ ഹ,
അത് ശരി, അപ്പോ ഈ സ്വപ്നത്തിലാകുമ്പോ മലയാളം വേണന്ന് നിര്‍ബന്ധം ഒന്നും ഇല്ലേ,
വിശലന്റെ ജോലീം വേഷോം അടി പൊളി,
പിന്നെ അതുല്യാമേടെ ഡയലോഗും
ഓ. ടോ. പരിപ്പ് വേവൂല അല്ല കിട്ടീല. :)
കണ്ണൂസേ .. ഒരു സംശയം..
പച്ചാളം ഏതു ഭാഷയായിരുന്നു സംസാരിച്ചത്. ബ്ലോഗില്‍ എഴുതാന്‍ കൊള്ളാത്ത വല്ല് ഭാഷയുമായിരുന്നോ..?
ഒറ്റപ്പാലത്തു് ബസ്റ്റാന്ഡില്‍ കിളി വിളിച്ചു കൂവുന്നു. "പട്ടാമ്പി പട്ടാമ്പി വര്‌അ വര്‌അ". അപ്പോഴുണ്ടു് ഒരു സായിപ്പു് തോള്‍സഞ്ചിയുമായി വരുന്നു. ഉടനെ കിളി ലാംഗ്വേജ് മാറ്റി. "സായിപ്പേ വാങ്കോ വാങ്കോ"!
അതുല്യ ശര്‍മ്മാജിയോടു് തമിഴില്‍ പറഞ്ഞതു കേട്ടപ്പോഴും ഇതേ ഫീലിങ്ങായി. ;)
തമനുവേ, പച്ചാളം സംസാരിച്ചത് അവന്റെ സ്ഥിരം ഭാഷ ......ബ്ബെ ബ്ബെ ബ്ബേഏഏഏഎ....
പാളതാറുടുത്തു നില്‍ക്കുന്ന വിശാലന്റെ രൂപം.......ഹ ഹ ഹ.....
കണ്ണൂസെ,നിത്യവും സ്വപ്നം കാണൂ
വിശാലന്‍ കണ്ണൂസിനെ ഹോട്ടലീന്ന് എറക്കി വിട്ടതിന് ,അതുല്യച്ചേച്ചീടെ വീടിനടുത്ത് ബന്ദു നടത്താന്‍ പറഞ്ഞയച്ച രാഷ്ട്രീയനേതാവ് ശ്രീമാന്‍ കുറുമാന്‍ ആണെന്നൊരു അനുമാന്‍(തംശ്യം-കാഞിരോടന്റെ സംശയം)
കാരണം ഇതാ ഇവിടെ:
അതുല്യച്ചേച്ചിയുടെ തന്നെ വാക്കുകള്‍,”എനിക്കിയാളെ കുറിച്ച് യാതൊരു മതിപ്പുമില്ല. (എന്റെ ഭീഷണിയും ശര്‍മാജീടെ താക്കീതിനും ഇദ്ദേഹം വഴങ്ങാത്തത് കൊണ്ട്)“
ഞാന്‍ ആ ഭാഗത്തേ വന്നിട്ടില്ല ഇന്നലെ.ഇന്നലെ രാത്രി ഞാന്‍ സെവാഗിന്റെ ഫൂട്ട്വര്‍ക്ക് ഒന്ന് നന്നാക്കാന്‍ ഉപദേശം കൊടുക്കുകയായിരുന്നു. ബാക്കി സമയം റിമി സെന്നിന്റെ കൂടെ കറങ്ങാനും പോയി.ഞാനല്ല കല്ലെറിഞ്ഞത് എന്ന് ചുരുക്കം. :-)
കണ്ണൂസ്: ഇന്ന് ഒന്നുകൂടി സ്വപ്നം കാണുക.. കല്ലെറിഞ്ഞത് ആരാണെന്ന് 70mm-ല്‍ പോലെ വ്യക്തമായി കാണാന്‍ പറ്റും.
കൈപ്പള്ളീ...കേള്‍ക്കുന്നുണ്ടോ.... വിശാലന്റെ പാളത്താറും ഗോപിക്കുറിയുമായുള്ള വേഷം.. ഹോ.. ഒരു സ്കെച്ചിനു വകയുണ്ടല്ലോ..
കണ്ണൂസ് കല്ലേറു കൊണ്ട് ഉറക്കത്തില്‍നിന്നും നിലവിളിച്ചുകൊണ്ട് ചാടിയെണീക്കുന്നതും..
ഹാ.ഹാ.
കൃഷ് | krish
കണ്ണൂസേ ഇനിയും ഇങ്ങനത്തെ സ്വപനം കാണണേ:)
ഞാന്‍ കണ്ട ഒരു സ്വപനം:
റോഡു ക്രോസ് ചെയ്യാനായി സീബ്രാ വരയുടെ അടുത്തു നില്‍ക്കുവാ ഞാന്‍..ഓടി വന്ന പോലീസ് എന്നോട്:ചെരുപ്പഴിച്ചു വച്ചാലേ കടക്കാന്‍ പറ്റൂ..നോക്കുമ്പം പോലീസ് ആരാ?നമ്മുടെ അനംഗാരിചേട്ടന്‍!!!
ദില്‍ബാ രാത്രി കറക്കം കൂടുന്നു.
ഹഹഹ...പൂയ്!!!
“മോള്‍ക്ക് മൊളകൂഷ്യം വെച്ചു കൊടുക്കാന്‍ ഒരു കിലോ പരിപ്പ് ലുലുവില്‍ നിന്ന് വാങ്ങിക്കാന്‍ കൊടുത്തയച്ചിട്ട് രണ്ട് മണിക്കൂറായി!!“ ആഹഹ!!
അതുല്യേച്ചീടെ വീടിനടുത്തുള്ള റൌണ്ട് അബൌട്ടില്‍ ബന്ത് നടത്താന്‍ പറഞ്ഞൂത്രേ.. ഹഹഹ.. എനിക്ക് വയ്യായേ.... :))
കണ്ണുസേ, സ്കാര്‍പ്പുകളെ പറ്റി ഞാന്‍ മറന്ന് കിടക്കുകയായിരുന്നു.
നമ്മള്‍ അബുദാബിയില്‍ പോയി വന്ന് പകല്‍ ഉറങ്ങിയ ടൈമില്‍ ഞാന്‍ യാതൊരു അന്തവും കുന്തവും ഇല്ലാത്ത ഒരു ബ്ലോഗ് സ്വപ്നം കണ്ടു. ചെറുത്!
മീറ്റ് കഴിഞ്ഞ് നമ്മള്‍ അബുദാബിയില്‍ നിന്ന് ഷേയ്ക്ക് സായിദ് റോഡ് വഴി വര്‍ത്താനം പറഞ്ഞ് നടന്ന് വരണതും, ഹോളിഡേ ഇന്‍ എത്തിയപ്പോള്‍ വഴിക്ക് ഒരു തോട്ടില്‍ കാല് കഴുകാന് ഇറങ്ങിയതുമെല്ലാം.
അന്നേരം അബുദാബി റൂട്ടില്‍ മേതിലും പെരിങ്ങോടനും സിദ്ദാര്‍ത്ഥനും നടന്ന് പോകുന്നു. കയ്യില്‍ ഒരു പമ്പരം പിടിച്ച് പെരിങ്ങോടന്‍ മുന്‍പില്‍ ഓടുന്നു. ഒരു കയ്യില്‍ ഒരു മത്തങ്ങ ബലൂണ്‍ ഉണ്ടായിരുന്നൂ എന്നാണെന്റെ ഓര്‍മ്മ. നമ്മളെ കണ്ടപ്പോള്‍ സിദ്ദാര്‍ത്ഥന്‍ ‘റ്റാ റ്റാ’ തന്നതും ഓര്‍മ്മയുണ്ട്. അങ്ങിനെ പോരുമ്പോള്‍... കൈപ്പള്ളീയും കുറുവും കൂടി.....
എന്നാ ഇത് ഒരു പോസ്റ്റാക്കിയാലോ??
:)
കണ്ണൂസേ രസായിരിക്കുന്നു.
സ്വപ്നം കളറായിരുന്നോ അതോ ബ്ലാക്ക് ആന്റ് വൈറ്റായിരുന്നോ?
സത്യായിട്ടും ഞാനല്ല. ഞാന്‍ എറിഞ്ഞാല്‍ കൊള്ളില്ല എന്നെനിക്ക് നല്ല ബോദ്ധ്യമുണ്ട് അതോണ്ടാ.:)
ശരിയാട്ടൊ, ഇവിടെ രണ്ടു മൂന്ന് ദിവസായി ഭയങ്കര മഴ..അതാ നനഞ്ഞെ. അതിന് വിശാലേട്ടനെ കുറ്റം പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. സ്വപനത്തില്‍ വല്ലോ മട്ടന്‍ കറിയും ചിക്കന്‍ ഫ്രൈയും സ്വപ്നം കാണാണ്ട്...ഇതെന്താ വെജിറ്റേറിയന്‍ ഫുഡ് കാണുന്നെ?
ദൈവമേ!
ഇരുപത്തിനാലു മണീക്കൂറും ബ്ലോഗ് തന്നെയാലേ ചിന്ത?
എന്തായാലും ബൂട്ടിഫുള്‍ സ്വപ്നം.
ഉറച്ചു നിന്ന് പോരാടണമെന്നായിരുന്നു പച്ചാളത്തിന്റെ അഭിപ്രായം
ആളു തെറ്റി ഞാനാവാന്‍ ഒരു വഴിയില്ല. :)
ശര്‍മ്മാജീ തോക്കെടുത്തോണ്ട് വാങ്കോന്നൊള്ള അലര്‍ച്ച...ഞാനായിരുന്നെങ്കില്‍ ഒറക്കത്തീന്നെണീറ്റോടിയാനെ.
അങ്ങിനെ കണ്ണൂസും കണ്ടുവൊരു കിനാവ്. ഇതിപ്പോ ബൂലോഗത്ത് സ്വപ്‌നങ്ങളുടെ മേളയാണോ! അതോ ബൂലോഗരെല്ലാം സ്വപ്‌നജീവികളായി മാറിവരുന്നതിന്റെ ലക്ഷണമോ!
"എന്നാ ഞമ്മളും കാണട്ടൊരു കിനാവ്!" (കട:- 'ചന്ദ്രലേഖ' പടത്തിലെ ശ്രീനിവാസന്‍ ഡയലോഗ്)
Post a Comment
Subscribe to Post Comments [Atom]
<< Home