Monday, January 22, 2007

സ്വര്‍ഗകുമാരികള്‍ (സ്ക്രാപ്പ്‌)

ആദ്യം തന്നെ തലക്കെട്ട്‌ അടിച്ചു മാറ്റിയതിന്‌ വിശാലനോട്‌ ഒരു ക്ഷമാപണം.

ഇന്നലെ എനിക്ക്‌ ഒരു "ബൂലോഗ സ്വപ്ന രാത്രി" ആയിരുന്നു. സു, കുമാര്‍, ഇക്കാസ്‌, തുളസി, ജിത്ത്‌, ഉമേഷ്‌, ഇഞ്ചിപ്പെണ്ണ്‍, ജോ, പച്ചാളം, ബിന്ദു, ഒബി തുടങ്ങി ഞാന്‍ കാണുക പോലും ചെയ്തിട്ടില്ലാത്തവര്‍ ഉള്‍പ്പടെ കുറേയേറെപ്പേര്‍ എന്റെ സ്വപങ്ങളില്‍ക്കൂടി കയറിയിറങ്ങിപ്പോയി. രാവിലെ എണീറ്റപ്പോ, മനസ്സില്‍ നില്‍ക്കുന്ന രണ്ട്‌ തുണ്ടുകള്‍ മാത്രം ഇവിടെ.

സ്വപ്നം-1

ഭാര്യയോട്‌ വഴക്കിട്ട്‌ മോളേയും കൂട്ടി, വീട്‌ വിട്ടിറങ്ങിയതാണ്‌ ഞാന്‍. താമസിക്കുന്നത്‌ ഒരു ഹോട്ടലില്‍. അവിടത്തെ മാനേജര്‍ വിശാലന്‍. കുമാറിന്റെ നേതൃത്വത്തില്‍ ഈ ഹോട്ടലില്‍ ഇടക്കിടെ ബൂലോഗമീറ്റുകള്‍ നടക്കാറുണ്ട്‌ എന്നതാണ്‌ ഈ ഹോട്ടല്‍ ഞാന്‍ തെരഞ്ഞെടുക്കാനുള്ള ആകര്‍ഷണം.

അങ്ങിനെ ഒന്ന് രണ്ട്‌ മീറ്റുകള്‍ കഴിഞ്ഞ്‌, അടിച്ചു പൊളിച്ച്‌ സുഖമായി ഞങ്ങള്‍ കഴിയുമ്പോഴാണ്‌, ഒരു ദിവസം രാവിലെ മുറിയുടെ വാതില്‍ക്കല്‍ ഒരു മുട്ട്‌ കേള്‍ക്കുന്നത്‌. തുറന്ന് നോക്കുമ്പോള്‍, വിശാലന്‍ നില്‍ക്കുന്നു. വേഷം, പാളത്താറും, ഗോപിക്കുറിയും.

രാവിലെ തന്നെ വിശാലനെക്കണ്ടത്തില്‍ സന്തോഷം സഹിക്കാഞ്ഞ്‌ ഒരു 70 mm ചിരി ചിരിക്കാനുള്ള തയ്യാറെടുപ്പില്‍ നിന്ന എന്നോട്‌ വിശാലം ഗൌരവത്തില്‍.

"കണ്ണൂസേ, നീ ഇപ്പോ ഈ മുറിയില്‍ നിന്നിറങ്ങണം."

ഞാന്‍ ഞെട്ടി. " അതെന്തിന്‌ വിശാലാ?"

"എനിക്ക്‌ വിഷമമുണ്ട്‌. പക്ഷേ എനിക്ക്‌ ഉന്നതങ്ങളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ട്‌. നീ ഇറങ്ങിയേ പറ്റൂ."

ഞാന്‍ - " അതെങ്ങിനെ ശരിയാവും. ഇപ്പോ ഇങ്ങനെ പറഞ്ഞാല്‍ ഞാന്‍ ഈ കുട്ടിയേയും കൊണ്ട്‌ എവിടെപ്പോവും? അതൊന്നും നടക്കില്ല."

വിശാലന്‍ - " നീ ഇറങ്ങുന്നോ ഞാന്‍ കഴുത്തില്‍ പിടിച്ച്‌ തള്ളിയിടണോ?"

എന്റെ ഉള്ളില്‍ ഉറങ്ങിക്കിടന്ന സിംഹം സട കുടഞ്ഞെഴുന്നേറ്റ്‌ ഗര്‍ജ്ജിച്ചു.

" പറ്റില്ല!! അല്ലെങ്കിലേ, നിങ്ങളുടെ സര്‍വീസ്‌ ശരിയല്ല. ഇന്നലെ തന്ന ഇഞ്ചി ആകെ നനഞ്ഞതായിരുന്നു. ബീറ്റ്‌റൂട്ട്‌ ഫംഗസ്‌ പിടിച്ചത്‌. ഇപ്പോത്തന്നെ ഞാന്‍ ആ ഇടങ്ങളുടെ കയ്യില്‍ മോള്‍ക്ക്‌ മൊളകൂഷ്യം വെച്ചു കൊടുക്കാന്‍ ഒരു കിലോ പരിപ്പ്‌ ലുലുവില്‍ നിന്ന് വാങ്ങിക്കാന്‍ കൊടുത്തയച്ചിട്ട്‌ രണ്ട്‌ മണിക്കൂറായി. ശരിയാവില്ല, ശരിയാവില്ല!!!"

ബഹളം കേട്ട്‌ ആള്‍ക്കാര്‍ വന്നു തുടങ്ങി. കുമാറിനേയും ഒബിയേയും ഓര്‍മ്മയുണ്ട്‌. എല്ലാവരും ഒറ്റക്കെട്ടായി ഞാന്‍ ഇറങ്ങണം എന്ന പക്ഷക്കാര്‍. ഇറങ്ങില്ല എന്ന വാശിയില്‍ ഞാനും.

പിന്നെ ഓര്‍മ്മ " നിന്റെ അച്ഛനല്ലെങ്കില്‍ തിരിച്ചടിക്കെടാ" എന്ന് പറഞ്ഞ അഞ്ഞൂറാന്റെ മുഖത്ത്‌ നോക്കി നിന്ന സ്വാമിനാഥന്റെ പോസില്‍ നില്‍ക്കുന്ന വിശാലനെ. ഒരു മിനിറ്റ്‌ കഴിഞ്ഞപ്പോ, എന്റെ ചെകിടത്ത്‌ അടി വീണു.

കിട്ടേണ്ടത്‌ കിട്ടിയപ്പോ തോന്നേണ്ടത്‌ തോന്നി എന്ന് പറഞ്ഞ പോലെ പെട്ടിയും കിടക്കയും എടുത്ത്‌ ഇറങ്ങിയ എന്നെ " അങ്കിള്‍, ബാഡ്‌ ബോയ്‌, വീട്ട്‌പ്പോവാം." എന്ന് പറഞ്ഞ്‌ മോള്‍ സമാധാനിപ്പിക്കുന്നത്‌ സ്വപ്നത്തിന്റെ ദുഃഖം നിറഞ്ഞ പര്യവസാനം.

സ്വപ്നം-2


അതുല്ല്യേച്ചിയുടെ വീടിനു മുന്‍പിലുള്ള റൌണ്ട്‌ അബൌട്ടില്‍ ബന്ദ്‌ നടത്താന്‍ പാര്‍ട്ടി എന്നെ നിയോഗിക്കുന്നു. എന്റെ സഹായികള്‍ ശ്രീജിത്തും പച്ചാളവും. ( ഈ പശ്ചാത്താളത്തെ എല്ലാരും കൂടി ഗുണ്ട, ഗുണ്ട എന്ന് പറഞ്ഞതു കൊണ്ടാണോ ആവോ പുള്ളിക്ക്‌ ഈ റോള്‍ കിട്ടിയത്‌!)

ബന്ദിനുള്ള ഒരുക്കങ്ങളുമായി ഞങ്ങള്‍ സ്ഥലത്തെത്തി. സംഭവം തുടങ്ങിയപ്പോള്‍ അതുല്ല്യേച്ചി ഓടിവന്ന് പ്രതിഷേധിച്ചു. കൂടെയുള്ളത്‌ ഇക്കാസും, ഉമേഷും.ബന്ദ്‌ നടത്തും എന്ന് ഞങ്ങള്‍, ധൈര്യമുണ്ടെങ്കില്‍ നടത്തിനെടാ എന്ന് ബൂര്‍ഷ്വാ സംഘം.

രക്തചൊരിച്ചിലും അടികലശലും ഒന്നും കൂടാതെ ഞങ്ങള്‍ ജയിച്ചു എന്നും ബന്ദ്‌ തുടങ്ങി എന്നുമേ പിന്നെ സ്വപ്നം പറയുന്നുള്ളൂ. " ഇന്ത മാതിരി അന്യായം സെയ്യകൂടാതെടാ പശങ്കളേ. ഉങ്കളുക്ക്‌ ബ്രാഹ്‌മണ ശാപം കെടക്കും" എന്ന് ഇടക്ക്‌ അതുല്ല്യേച്ചി പറഞ്ഞത്‌ ഓര്‍മ്മയുണ്ട്‌.അങ്ങിനെ വിജയാശ്രീലാളിതരായി ബന്ദ്‌ തുടങ്ങിയ ഞങ്ങള്‍ പിന്നെ കേട്ടത്‌. "ശര്‍മ്മാജീ, തുപ്പാക്കി എടുത്തിട്ട്‌ വാങ്കോ" എന്ന അതുല്ല്യേച്ചിയുടെ അലര്‍ച്ചയാണ്‌.

ഞങ്ങളെ പറഞ്ഞേല്‍പ്പിച്ച പാര്‍ട്ടി നേതാവുമായി ഉടനെ ഞാന്‍ ബന്ധപ്പെട്ടു. (അയാള്‍ ബൂലോഗിയല്ലാത്ത എന്റെ ഒരു സുഹൃത്തായൈരുന്നു, സ്വപ്നത്തില്‍). ശര്‍മ്മാജി ആള്‍ ഭയങ്കരനാണെന്നും പിന്തിരിയുന്നതാവും നല്ലതെന്നും അവന്‍ എന്നെ ഉപദേശിച്ചു. ഉറച്ചു നിന്ന് പോരാടണമെന്നായിരുന്നു പച്ചാളത്തിന്റെ അഭിപ്രായമെങ്കിലും അച്ചടക്കമുള്ള പ്രവര്‍ത്തകര്‍ എന്ന നിലയില്‍ പാര്‍ട്ടി തീരുമാനം അനുസരിക്കണം എന്ന് ഞാനും ശ്രീജിത്തും കൂടി അവനെ പറഞ്ഞു മനസ്സിലാക്കി.

പിന്തിരിഞ്ഞു നടക്കുമ്പോള്‍ എന്റെ തലയില്‍ ഒരു കല്ല് വന്ന് കൊണ്ടപ്പോഴാണ്‌ ഞാന്‍ എണീറ്റത്‌. അതെറിഞ്ഞത്‌ ആരായിരുന്നുവെന്ന് എനിക്കിപ്പോ അറിയണം!!!!

പി.എസ്‌. : ഈ സ്വപ്നത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, ഇതൊരു ബഹുഭാഷാ സ്വപ്‌നം ആയിരുന്നുവെന്നതാണ്‌. ശ്രീജിത്ത്‌ ഇംഗ്ലീഷിലും, അതുല്ല്യേച്ചി തമിഴിലും ഉമേഷ്‌ സംസ്കൃതത്തിലും ആണ്‌ സംസാരിച്ചിരുന്നത്‌. ശര്‍മ്മാജിക്ക്‌ ഡയലോഗ്‌ ഇല്ലായിരുന്നു. ഉണ്ടെങ്കില്‍, ഹിന്ദിയും കേള്‍ക്കാമായിരുന്നു. :-)