സുല്ല് ഉടച്ച് തീര്‍ക്കുന്ന തേങ്ങകള്‍.
രാവിലെ നിര്‍ത്താതെയുള്ള ഫോണ്‍ ബെല്ല് കേട്ടാണ് ഉണര്‍ന്നത്... നോക്കുമ്പോള്‍ വിശാലമനസ്കന്‍.
"ഡേയ് ഇത്തിരി... നീ വന്നേ നമുക്കൊരു ജോലിയുണ്ട്."
"എന്താ വിശാലേട്ടാ..."
"സുല്ല് വിളിച്ചിരുന്നു... പുള്ളിയുടെ തേങ്ങാക്കുട്ടില്‍ നിന്നും പറമ്പില്‍ നിന്നും തേങ്ങാ മോഷണം പോവുന്നുണ്ടത്രെ..."
"അതിന്"
"നമുക്ക് ഇന്ന് ആ കള്ളനേ പിടിക്കണം"
"ഒകെ വിശാലേട്ടാ... ഇങ്ങോട്ട് വാ"
റൂമില്‍ നിന്ന് താഴെ ഇറങ്ങി വന്നപ്പോള്‍ ഒരു ബുര്‍ഖ ധരിച്ച സ്ത്രീയുണ്ട് താഴെ...
"ഡേയ്... ഇത്തിരി..."
ആ സ്ത്രീ ബുര്‍ഖയുടെ മുഖപടം ഉയര്‍ത്തി. അപ്പോള്‍ അത് സ്ത്രീയല്ല. മുകളിലേക്ക് പിരിച്ച് വെച്ച കൊമ്പന്‍ മീശയുമായി വിശാലമനസ്കന്‍. സൂക്ഷിച്ച് നോക്കിയപ്പോള്‍ അത് പിരിച്ച് വെച്ച മീശയല്ലെന്നും പകരം അവിടെ പെയ്ന്റടിച്ച് പ്ടിടിപ്പിച്ചതാണെന്നും മനസ്സിലായി.
"അല്ല... എന്താ ഈ പര്‍ദ്ദ ധരിച്ച്"
"ഉം അത് പറയാം" എന്ന് പറഞ്ഞ് പുള്ളി പര്‍ദ്ദയൂരി.
നോക്കുമ്പോള്‍ വിശാലേട്ടന്‍ ഫാന്റം രൂപത്തില്‍... മേലാകെ ഒട്ടിക്കിടക്കുന്ന നീല ഡ്രസ്സും അതിന് മുകളില്‍ ബര്‍മുഡയും പിന്നെ അരയില്‍ തലയോട്ടി ബെല്‍ട്ടും അതിനിരുവശത്തും തൂങ്ങിക്കിടക്കുന്ന തോക്കും... ആകെ ഒരു ഭീകര രുപം.
"കണ്ണ്‍ മൂടാന്‍ ഒരു മുഖമൂടി കിട്ടിയില്ല... അതാ ബുര്‍ഖ ഇട്ടത്. പിന്നെ ഒര്‍ജിനല്‍ ഫന്റത്തിന്റെ അതേ രൂപത്തില്‍ വന്നാല്‍ കോപ്പിറൈറ്റ് പ്രോബ്ലം ഉണ്ടായാലോ... ആ ചുള്ളന്‍ സായിപ്പാ... അത് കൊണ്ട് കൊമ്പന്‍ മീശയാക്കി... പുള്ളിക്ക് മീശയില്ലല്ലോ."
"എന്തിനാ ഈ വേഷം." ഞാന്‍ അന്വേഷിച്ചു.
അത് ആ കള്ളനെ പേടിപ്പിക്കാനല്ലേ ചുള്ളാ... എന്ന് പറഞ്ഞ് സീറ്റിനടിയില്‍ നിന്ന് ഒരു കൊടുവാള്‍ എനിക്കും തന്നു. പിന്നെ ഒരെണ്ണം എടുത്ത് ഇരുട്ടിലേക്ക് നീട്ടി.
ഇരുട്ടില്‍ പതുക്കേ ഒരു വെളിച്ചം തെളിഞ്ഞു. അത് തമനുവായിരുന്നു.
മൂന്നാളും ആബുലന്‍സില്‍ കയറുമ്പോള്‍ ഇത് കള്ളനെ കൊന്നാല്‍ കുഴിച്ചുമൂടന്‍ കൊണ്ടുപോവാനാ ഈ വണ്ടിതന്നെയാക്കിയത് എന്ന് തമനു വിശദീകരിച്ചു.
വഴിയില്‍ നിന്ന് കൈയ്യില്‍ കരടിക്കുട്ടിയുടെ പാവയും മറ്റേകയ്യില്‍ പച്ചാളത്തേയും പിടിച്ച് ദില്‍ബന്‍ കയറി.
പച്ചാളത്തെ നോക്കി ഞാന്‍ ചോദിച്ചു... "ഇവനെന്നാ ദുബൈയില്‍ എത്തിയത്."
"ദേവേട്ടന്‍ വന്നപ്പോള്‍ ലഗേജിലിട്ട് കോണ്ട് വന്നതാ..." എന്നായിരുന്നു ദില്‍ബന്റെ മറുപടി. വണ്ടിയില്‍ കയറിയ ഉടന്‍ ട്രൌസറിന്റെ പോക്കറ്റില്‍ നിന്ന് പോപ്പിന്‍സ് മിഠായി എല്ലാവര്‍ക്കും ഓരോന്ന് കോടുത്തു. പോരെന്ന് പറഞ്ഞ് കരഞ്ഞ പച്ചാളത്തിന് രണ്ടും.
സുല്ലിന്റെ വീട്ടില്‍ സുല്ലില്ലായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍, കള്ളിമുണ്ടുടുത്ത് തോളില്‍ ഒരു പാരക്കോലും (തേങ്ങ പൊതിക്കാന്‍ ഉപയോഗിക്കുന്ന അറ്റം കൂര്‍ത്ത ഇരുമ്പ് ദണ്ഡ്.) ചുമലില്‍ തൂക്കിയിട്ട ചാക്കുമായി സുല്ലെത്തി. ചാക്കിലെ തേങ്ങ നിലത്ത് ചെരിഞ്ഞ് നെറ്റിയിലെ വലിയ മുറിവിന്റെ അടയാളത്തില്‍ പതുക്കെ തലോടി സുല്ല് പറഞ്ഞു.
"കുറേ ദിവസമായി വീട്ടിലെ തേങ്ങാക്കൂട്ടില്‍ നിന്ന് തേങ്ങാ പോവുന്നു. രണ്ട് ദിവസം മുമ്പ് അതിനൊരു ലോക്ക് പിടിപ്പിച്ചു. ഇപ്പോള്‍ തെങ്ങില്‍ നിന്ന് നേരിട്ട് തേങ്ങ മോഷ്ടിക്കുന്നു. ആരായാലും അവനെ പിടിക്കണം."
"അക്കാര്യം ഞങ്ങളേറ്റു..." പാവയും പച്ചാളത്തേയും താഴെവെച്ച് ദില്‍ബന്‍ പറഞ്ഞു.
"വീട്ടില്‍ അരക്കാനുള്ള തേങ്ങ മുഴുവനും ബൂലോഗത്ത് ചെലവാക്കിയതിന് സുല്ലി കൈകാര്യം ചെയ്ത പാടാണ് നെറ്റിയില്‍" എന്ന് തമനു പതുക്കേ പറയുന്നുണ്ടായിരുന്നു.
അങ്ങനെ ഞങ്ങള്‍ കാത്തിരിക്കവേ കള്ളനെത്തി. നേരിട്ട് തെങ്ങില്‍ വലിഞ്ഞ് കയറാന്‍ തുടങ്ങി. പിന്നാലെ സൂല്ലും കയറി. അതോടെ കള്ളന്‍ താഴെക്ക് ചാടി.
മുട്ട് കീറിയ ജീന്‍സും ഒരു കൈ മാത്രമുള്ള ബനിയനും അരയില്‍ വാഴന്നാരില്‍ കോര്‍ത്തിട്ട മടവാളും...
പതുക്കേ എണീപ്പിച്ചപ്പോള്‍ അഗ്രജന്‍. ഞാന്‍ ഞെട്ടിപ്പോയി. അഗ്രജന്‍ ഒറ്റക്കരച്ചില്‍.
വിശാലന്‍ തോളില്‍ തട്ടി സമാധാനിപ്പിച്ചപ്പോള്‍ അഗ്രു കഥ പറഞ്ഞു.
"ഞാന്‍ എത്ര തേങ്ങ കൊണ്ടുവന്നാലും അത് കാണില്ല. ആരോ അടിച്ച് മാറ്റുന്നു. ഒരു ദിവസം മറഞ്ഞിരുന്ന് നോക്കിയപ്പോള്‍ അത് സുല്ലാണ്... ആരോടും പറഞ്ഞ് പ്രശ്നമാക്കണ്ട എന്ന് കരുതി അത്യാവശ്യത്തിനുള്ളത് മാത്രം തിരിച്ച് എടുത്ത് കൊണ്ട് പോവാന്‍ വന്നതാ..."
സുല്ല് വികാരഭരിതനായി... കണ്ണുകള്‍ നിറഞ്ഞൊഴുകി.
"അഗ്രൂ ഞാന്‍ എന്റെ മക്കള്‍ക്ക് ഫുഡ്ഡിന് വേണ്ടിയല്ല ഇത് ചെയ്തത്. ബൂലോഗത്തേക്ക് ആവശ്യമായ തേങ്ങ പഴയപോലെ ഇപ്പോള്‍ കിട്ടുന്നില്ല... അതാ ഇങ്ങനെ ചെയ്തത്... പ്ലീസ് നീ ക്ഷമി."
പെട്ടൊന്ന് ബാക്കില്‍ നിന്ന് ഒരു തേങ്ങിക്കരച്ചില്‍... ദില്‍ബന്‍ തേങ്ങിക്കരയുന്നു..."
വിശാലനും കണ്ണ്‍ തുടച്ചു... അഗ്രുവും തമനുവും തലേന്ന് കഴിച്ച ഷവര്‍മയുടെ കണക്ക് പറയുന്നു...
എന്റെ കാലിലാരോ പിടിച്ച് വലിക്കുന്നുണ്ട്... നോക്കുമ്പോള്‍ സഹമുറിയന്‍.
"വേഗം എഴുന്നേല്‍ക്കഡേയ്... സമയം നാലരയും കഴിഞ്ഞു." പതുക്കേ എണീറ്റു...